Sunday, April 21, 2013

ബാച്ചിലര്‍ പരിണാമ ചക്രം


മഞ്ഞ ചായം പൂശി അവിടവിടെ പൊട്ടിപ്പൊളിഞ്ഞ് നാട്ടിലെ മുനിസിപ്പാലിറ്റി കെട്ടിടം പോലെയുള്ള ആ ബില്‍ഡിംഗ് കണ്ടപ്പോഴേ മനസ്സില്‍ തോന്നി.. .. ദ്ആ ഗള്‍ഫ്‌? ..ന്തൂട്ട് ഗള്‍ഫാ ദ്? സകലമാന ദൈവങ്ങളെയും വിളിച്ചു വേണം ആ കെട്ടിടത്തിനുള്ളിലേയ്ക്കു കയറാന്‍. ഒരുപക്ഷേ ദൈവം റസ്റ്റ്‌ എടുക്കുന്ന സമയമാണെങ്കില്‍ കേറിയവന്‍റെ കാര്യം ചിന്ത്യം. ഗള്‍ഫ്‌ കണ്ടുപിടിച്ച കാലത്തോ മറ്റോ ഇറങ്ങിയ ഒരു ലിഫ്റ്റാണവിടെയുള്ളത്. ഒരു ഇടിമുഴക്കത്തോടെ അതിന്‍റെ വാതിലടഞ്ഞതും അത്ര താല്‍പര്യമൊന്നുമില്ലാത്ത മട്ടില്‍ വലിയ മൂളലോടും കിതപ്പോടും കൂടി അത് ഞങ്ങളെ അഞ്ചാം നിലയിലേയ്ക്ക് വലിച്ചു കയറ്റി. പടിഞ്ഞാറേലെ ഗോപാലേട്ടന്‍റെ ശ്വാസംമുട്ട് എങ്ങനെയുണ്ടാവോ? ഇതിന്‍റെ വലിയുടെ അടുത്തുനില്‍ക്കുന്ന ഒരു വലി കേട്ടിരിക്കുന്നത് പിന്നെ ഗോപാലേട്ടന്‍റെയാണ്.

അവിടെ ചെന്നുകയറിപ്പോള്‍ ദേ കെടക്കണൂ ബാക്കി കൈവശമുണ്ടായിരുന്ന കുറച്ചു സ്വപ്‌നങ്ങള്‍ കൂടി.  “ഠിം”.. കയ്യിലെ മധുചഷകം നിലത്തുവീണുടഞ്ഞ പോലെയായി. ഗ്ലാസ്‌ പിന്നെയും വാങ്ങാം, പക്ഷേ പോയ ബ്രാണ്ടി പോയതുതന്നെയല്ലേ. സ്വപ്നങ്ങള്‍ ഇനിയും വേറെ കാണാം.. പക്ഷേ...തകര്‍ന്ന സ്വപ്നങ്ങള്‍..

മുറിയുടെ വാതില്‍ക്കല്‍ തന്നെ കട്ടളയില്‍ കയ്യും താങ്ങി കക്ഷമെല്ലാം കാണിച്ചുകൊണ്ട് കറുത്തു തടിച്ച ഒരു കുടവയറന്‍ നില്‍പുണ്ടായിരുന്നു. ഷര്‍ട്ടിടാത്ത ആ ദേഹകാന്തി കണ്ടപ്പോള്‍ എന്തോ ഒരുനിമിഷം മാപ്രാണം ഷാപ്പിന്‍റെ അനുഭൂതി മനസ്സില്‍ നിറഞ്ഞു. അയാളുടെ കക്ഷത്തിനടിയിലൂടെ വിയര്‍പ്പുനാറ്റമടിക്കാതെ ഉള്ളിലോട്ട് കയറിപ്പറ്റാന്‍ എന്തു ചെയ്യണമെന്ന് ഒരു നിമിഷം ആലോചിച്ചു നില്‍ക്കുന്നതിനിടയില്‍ യോഗാഭ്യാസത്തിന്‍റെ ആവശ്യകതയെക്കുറിച്ചും അതെന്നെ ചിന്തിപ്പിക്കുകയുണ്ടായി. ഷാജി കൈലാസിനെ മനസ്സില്‍ ധ്യാനിച്ച് മനസ്സില്‍ മന്ത്രം ചൊല്ലി...യോഗീന്ദ്രാണാം ത്വതംഗേഷു.. (യോഗികളായാലും സ്വന്തം കാര്യം നോക്കണം എന്നു വ്യംഗ്യാര്‍ത്ഥം ) ശ്വാസം ഉള്ളിലേയ്ക്കു വലിച്ചുപിടിച്ച് കട്ടിളയ്ക്കും ആ കരിവീട്ടി ദേഹത്തിനും ഇടയിലൂടെ കുനിഞ്ഞ് ഒരൊറ്റ ചാട്ടം. സംഗതി സക്ക്സസ്. എന്താണ് സംഭവിച്ചതെന്ന് അയാള്‍ക്ക്‌ മനസ്സിലാവുന്നതിനു മുന്‍പേ രാജീവന്‍ അയാളോട് സംസാരം തുടങ്ങിക്കഴിഞ്ഞിരുന്നു. “നാട്ടില്‍ നിന്ന് ജോലി കിട്ടി ഇങ്ങോട്ട് വന്നതാ, എന്‍റെ കൂട്ടുകാരനാ.. റൂമിന്‍റെ കാര്യം സുകുവേട്ടനോട് പറഞ്ഞിരുന്നു”.

“ങ്ആ..... സുകു പുറത്തു പോയിരിക്കുകയാ.. വാ... റൂം ഞാന്‍ കാണിച്ചു തരാം” എന്‍റെ നുഴഞ്ഞുകയറ്റത്തിന്‍റെ അമ്പരപ്പ് ഇനിയും വിട്ടു മാറാത്ത ഭാവത്തില്‍ മൊഴിഞ്ഞുകൊണ്ട് അയാള്‍ ഞങ്ങളെ എനിയ്ക്കു പറഞ്ഞു വച്ചിട്ടുള്ള മുറിയിലേയ്ക്ക് ആനയിച്ചു.

ഗള്‍ഫിനെക്കുറിച്ചുള്ള എന്‍റെ ധാരണകളുടെ മേല്‍ ഒരു വെട്ടിനിരത്തല്‍ തന്നെ നടത്തിക്കൊണ്ട് അവിടെ ആ മുറിയില്‍, പല രൂപത്തിലും ഭാവത്തിലും ഒറ്റനോട്ടത്തില്‍ ദൈന്യരും നിരാലംബരുമാണെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ കുറേപ്പേര്‍. ഗള്‍ഫിലെ സര്‍ക്കാരാശുപത്രിയിലേയ്ക്കാണോ രാജീവന്‍ എന്നെ കൊണ്ടുവന്നിരിയ്ക്കുന്നത്?...നിരയൊപ്പിച്ചിട്ടിരിക്കുന്ന കട്ടിലുകളില്‍ കട്ടിക്കമ്പിളിയ്ക്കുള്ളിലേയ്ക്ക് പാതി ദേഹം തിരുകിക്കയറ്റി വച്ച് പുസ്തകവായനയിലും ഫോണ്‍ വിളിയിലും, ഏതോ ലോകത്തെന്നപോലെ അകലങ്ങളില്‍ ദൃഷ്ടി പതിപ്പിച്ച് ആലോചനയിലും മുഴുകിയിരിക്കുന്ന വിവിധ രൂപങ്ങള്‍. ഏതോ നിബന്ധനയ്ക്കു വിധേയമാംവണ്ണം ഓരോ കട്ടിലിനു കീഴിലും സ്ഥാപിതമായ പെട്ടികളും വശങ്ങളില്‍ ചെറിയ തുണിയലമാരകളും. ഈശ്വരാ... ഇതാണോ ഞാന്‍ ധരിച്ചു വശായ ആ സുന്ദരസുരഭില മനോജ്ഞ ഗള്‍ഫ്‌? ...ഇതിനി ശരിക്കും ഗള്‍ഫ്‌ തന്നെയല്ലേ? ഗഫൂര്‍ക്കാ ദോസ്ത്? കാലിഫോര്‍ണിയക്കു പോയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ എന്നെ മദിരാശിയിലാണോ ഇറക്കി വിട്ടത്? ഏയ്‌.. ആവാന്‍ തരമില്ല. എന്‍റെ ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ട്, അതിലൊരു കട്ടിലും അലമാരയും ചൂണ്ടി കാരണവര്‍ മൊഴിഞ്ഞു. “ഇതാണ് നിങ്ങളുടെ സ്ഥലം. നേരത്തേ ഇവിടെയുണ്ടായിരുന്ന ആളുടെ കട്ടിലാണ്. വേണമെങ്കില്‍ അതുപയോഗിക്കാം. അല്ലെങ്കില്‍ വേറെ വാങ്ങിക്കോ.” ഈ അഭയാര്‍ഥികേന്ദ്രത്തില്‍ കൂടുതല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ വിഡ്ഢിത്തമാണെന്ന തിരിച്ചറിവില്‍ ഞാന്‍ അതുതന്നെ സ്വീകരിക്കാന്‍ തയ്യാറായി.

ഒരുമാതിരിപ്പെട്ട എല്ലാ ബാച്ചിലര്‍ താമസസ്ഥലങ്ങളിലേയും പോലെതന്നെ ഇവിടെയും പഴയ പ്രൊഫഷണല്‍ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സ്ഥിതിവിശേഷമാണ് നിലനിന്നുപോന്നിരുന്നത്. ആ വീട്ടിലെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന ഏകാധിപതിയെപ്പോലൊരു കാരണവര്‍, അയാളുടെ കയ്യാളായി എല്ലാം ചെയ്തുകൊടുക്കുകയും എന്നാല്‍ മറ്റുള്ളവരെ അത്യാവശ്യം ഭരിക്കാനും പാരപണിയാനും നടക്കുന്ന കാര്യസ്ഥന്‍, കാരണവരുടെ ചെയ്തികളെ ചോദ്യം ചെയ്യുന്ന ധിക്കാരിയും തന്‍റേടിയും കുടുംബത്തിനു ദുഷ്പേരുണ്ടാക്കാന്‍ വേണ്ടിമാത്രം ജനിച്ചു എന്നാരോപിക്കപ്പെടുന്ന ചെറുപ്പക്കാരന്‍, കാരണവരുടെ ചെയ്തികളില്‍ എതിര്‍പ്പുണ്ടെങ്കിലും ഒന്നും തുറന്നുപറയാന്‍ ധൈര്യമില്ലാതെ എല്ലാം കണ്ടും കേട്ടും സഹിച്ചും കഴിയുന്ന ചെറിയച്ഛന്‍, മുതിര്‍ന്നവരുടെ കണ്‍വെട്ടത്തു നിന്നുമാറി സകല കുരുത്തക്കേടുകളും കാട്ടിക്കൂട്ടുന്ന ചെറുബാല്യക്കാര്‍. ഈ നാടക കഥാപാത്രങ്ങളെയെല്ലാം കൂടി ഒരു ഗ്ലോറിഫൈഡ് രൂപത്തിലേയ്ക്കാക്കി പ്രതിഷ്ഠിച്ചാല്‍ ഇതൊക്കെതന്നെയാണ് ഒരുമാതിരിപ്പെട്ട ബാച്ചിലര്‍ താമസസ്ഥലങ്ങളുടെയെല്ലാം സ്റ്റാന്‍ഡേര്‍ഡ് പ്രൊഫൈല്‍. എന്നേയും ആ നാടക സമിതിയിലേയ്ക്ക് തള്ളിവിട്ട് എന്‍റെ താല്‍ക്കാലിക ഉടമസ്ഥന്‍ പിന്നെ കാണാമെന്നും പറഞ്ഞ് തിരിച്ചുപോയി. പിന്നെ എന്നതിന് ഗള്‍ഫില്‍ വ്യാപകമായ അര്‍ത്ഥങ്ങളുണ്ട് എന്നത് ശിഷ്ടജീവിതം എനിയ്ക്കു മനസ്സിലാക്കിത്തരികയുണ്ടായി.

ആദ്യദിനം സ്വാഗതപ്രസംഗം, നന്ദിപ്രകടനം, ആശംസാപ്രസംഗങ്ങള്‍, എല്ലാമായി കടന്നുപോയി. രണ്ടാംദിവസം വൈകുന്നേരമായപ്പോള്‍ കാരണവരുടെ മൌനാനുവാദത്തോടെ കുരുത്തംകെട്ട പിള്ളേരിലൊരുവന്‍ എന്നോട് ബാത്ത്റൂം കഴുകുവാന്‍ ഉത്തരവിട്ടു. പെട്ടെന്നുള്ള ഒരു അന്ധാളിപ്പില്‍ നിന്നും മുക്തനായ എനിയ്ക്ക് വീട്ടിലെ രാജാവ്‌ ഗള്‍ഫിലെ തോട്ടിയായ പോലെ ഒരു ഫീലിംഗ്. റൊട്ടേഷന്‍ സ്കീം എന്നൊരു സ്കീം ഉണ്ടെന്നും അനുസരിച്ച് എനിയ്ക്കന്ന് ക്ലീനിംഗ് എന്ന പണിയുമാണത്രേ. പിന്നെ കുക്കിംഗ്, പര്‍ച്ചേസിങ്ങ് തുടങ്ങി പലതും പിന്നാലെ വരുന്നുണ്ട് എന്നും അറിയിപ്പുണ്ടായി. – “അപ്പോള്‍... ഇതിനൊന്നും ഇവിടെ ആള്‍ക്കാരെ വച്ചുകൂടെ?” എന്‍റെ സംശയം സംശയമായിതന്നെ ബാക്കിനിര്‍ത്തിക്കൊണ്ട് അയാള്‍ കിരീടവും ചെങ്കോലും കൈമാറുന്ന ഗൌരവത്തോടെ ബക്കറ്റും ബ്രഷും എന്‍റെ കൈകളിലേയ്ക്ക് വച്ചുതന്നു. ജീവിതത്തിലാദ്യമായി ചെയ്യുന്ന ആ പ്രവൃത്തിക്കിടയില്‍ എന്തുകൊണ്ടോ പണിക്കാരി സരോജിനി എന്‍റെ ഓര്‍മ്മകളിലേയ്ക്കു കടന്നുവന്നു. ആരും സരോജിനിയായി ജനിക്കുന്നില്ല, സാഹചര്യമാണ് ഓരോരുത്തരെയും സരോജിനിയാക്കുന്നത് മോനേ.... എന്ന ആപ്തവാക്യം മനസ്സില്‍ മുഴങ്ങുന്നതിനനുസരിച്ച് ഞാന്‍ അവിടെമെല്ലാം ഉരച്ചുകഴുകിക്കൊണ്ടേയിരുന്നു. വീട്ടുജോലിക്കാരുടെ നേരെയുള്ള മനുഷ്യത്വരഹിത പ്രവര്‍ത്തങ്ങള്‍ക്കെതിരെ പ്രതികരിയ്ക്കുന്നതിനായി എന്‍റെ ശമ്പളത്തില്‍ നിന്നും ഒരു നിശ്ചിതതുക മാസാമാസം അവരുടെ സംഘടനയിലേയ്ക്ക് അയയ്ക്കുന്നതിനുള്ള ഒരു തീരുമാനവും തദവസരത്തില്‍ എടുത്തുചാടി ഞാന്‍ എടുക്കുകയുണ്ടായി.  പണിയെല്ലാം കഴിഞ്ഞ് ക്ഷീണിച്ച ഞാന്‍ കുളിയും കൂടി കഴിഞ്ഞതോടെ തളര്‍ന്നവശനായി പോയി. ഗള്‍ഫിലെ സമൃദ്ധഭക്ഷണം സ്വപ്നംകണ്ടുകൊണ്ട് എന്തെങ്കിലും കുറച്ച് വേഗം അകത്താക്കാന്‍ ആര്‍ത്തിയോടെ അടുക്കളയില്‍ ഓടിച്ചെന്നു നോക്കിയപ്പോള്‍ ആജന്മശത്രുവായ മിസ്‌.കഞ്ഞി അതാ കലത്തിലിരുന്നു എന്നെനോക്കി ചിരിക്കുന്നു. ഈശ്വരാ... ഇതെന്താ പരീക്ഷണങ്ങളുടെ അണക്കെട്ട് തുറന്നുവിട്ടിരിക്കുകയാണോ?... ഒന്നിനു പിറകെ ഒന്നൊന്നായി...

“ഇന്നെന്താ കഞ്ഞിയാണോ? വേറെ ഒന്നുമില്ലേ?” അന്നത്തെ കുക്കര്‍ മിസ്റ്റര്‍ നളനോട് ഞാന്‍ ആരാഞ്ഞു.

“ഇന്ന് ബുധനാഴ്ച്ചയല്ലേ.. എല്ലാ ബുധനാഴ്ചയും രാത്രി കഞ്ഞിയാണ്.” നളന്‍ ഉവാച:

“അതെന്താ അങ്ങനെ? എന്തെങ്കിലും പ്രത്യേക കാരണങ്ങള്‍ വല്ലതും?” എന്‍റെ ആകാംക്ഷ ഞാന്‍ മറച്ചുവച്ചില്ല.

“അതറിയില്ല.. ഞാന്‍ വന്നത് മുതല്‍ ഇങ്ങനെയാണ് കാണുന്നത്. ബുധനാഴ്ച രാത്രി കഞ്ഞി മസ്റ്റ്.. പക്ഷേ ആരും കഴിക്കാറില്ലെന്നു മാത്രം. എല്ലാവരും അന്നുരാത്രി പുറത്തുനിന്നു കഴിച്ചു വരും. ആര്‍ക്കും ഈ കഞ്ഞി അത്ര താല്പര്യമില്ല.” നളന്‍ ഇളിച്ചുകൊണ്ടു മൊഴിഞ്ഞു.

“എന്നാല്‍ പിന്നെയെന്തിനാ ഇത് വയ്ക്കുന്നത്?” എന്‍റെ ആ സംശയവും സംശയമായിത്തന്നെ നിലനിര്‍ത്തിക്കൊണ്ട് ഒന്നുമുരിയാടാതെ ഇതെന്തുചോദ്യം എന്നത്ഭുതപ്പെട്ട് നളന്‍ സ്ഥലം വിട്ടു.

ഗള്‍ഫിലെ ബാച്ചിലര്‍ താമസങ്ങളില്‍ ഇങ്ങനെ ചില തിരുത്താനാവാത്ത അലിഖിതനിയമങ്ങളുണ്ട് എന്നതും ശിഷ്ടകാലം എനിക്കു മനസ്സിലാക്കി തന്നിരുന്നു.

ദുര്‍ഘടങ്ങളുടെ കണ്ടെയ്നര്‍ ലോറി മറിഞ്ഞപോലെയായിരുന്നു പിന്നീടങ്ങോട്ടുള്ള ദിനങ്ങള്‍. പ്രഭാതകൃത്യങ്ങള്‍ക്ക് കൃത്യമായി നിശ്ചയിച്ച സമയക്രമങ്ങള്‍. അഞ്ചുമിനിട്ട് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ വാതില്‍ക്കല്‍ ഇടിയോടിടിയും തെറിവിളിയും. കുളിക്കുമ്പോള്‍ വെള്ളം തെറിച്ച് കഴുകാനിട്ടിരിക്കുന്ന തുണിയില്‍ വീണു എന്നുപറഞ്ഞ് ചീത്തവിളി. ഞാന്‍ ചായയുണ്ടാക്കിയത് അശോകന്‍ കാശുകൊടുത്തുവാങ്ങി സ്വകാര്യാവശ്യത്തിനു വച്ചിരുന്ന പാലാണെന്നു പറഞ്ഞ് അശോകനുണ്ടാക്കിയ പുകിലൊന്നു വേറെ. വൈകീട്ട് ആറുമണിയ്ക്ക് സജിയേട്ടന്‍ ഉറങ്ങിക്കിടക്കുന്നതിനു സമീപത്തിരുന്നു ഞാന്‍ വര്‍ത്തമാനം പറഞ്ഞതിനാല്‍ അങ്ങേരുടെ ഉറക്കം നഷ്ടപ്പെട്ടുവെന്നു പറഞ്ഞ് അയാളുണ്ടാക്കിയ ബഹളത്തില്‍ നഷ്ടപ്പെട്ടത് എന്‍റെ മാനം. ഇതെന്താ ഗള്‍ഫോ അതോ നാട്ടിലെ ചന്തയോ? എന്‍റെ സംശയങ്ങള്‍ അപ്പോഴും ബാക്കിതന്നെ...ഇങ്ങനെ അല്പരസം, അസഹിഷ്ണുത, സ്വാര്‍ത്ഥത എന്നിവയെല്ലാം സ്വന്തം ഉപയോഗത്തില്‍ കവിഞ്ഞ് പുറത്തേയ്ക്കു വില്‍ക്കാന്‍ പാകത്തില്‍ ഉല്പാദനം നടത്തിയിരുന്ന അവിടെ എവിടെയൊക്കെയോ കുറച്ചു നന്മകളും നിലനിന്നിരുന്നുവെങ്കിലും എന്തുകൊണ്ടോ അവിടെനിന്നും മാറാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

അങ്ങനെയുള്ള അന്വേഷണത്തിനൊടുവിലാണ് എന്‍റെ നാട്ടുകാരന്‍ തന്നെയായ ബ്രോക്കര്‍ മൊയ്തുവിനെ ഞാന്‍ കണ്ടുമുട്ടുന്നത്. മൊയ്തുവാണ് എനിക്ക് എക്സിക്യൂട്ടീവ് ബാച്ചിലര്‍ അക്കമഡേഷന്‍ എന്ന കുറേക്കൂടി ഉയര്‍ന്ന ഗ്രേഡ് താമസത്തിനെക്കുറിച്ച് പറഞ്ഞു തന്നത്. കേള്‍ക്കുമ്പോള്‍ വലിയ സംഭവമാണെന്നെല്ലാം തോന്നുമെങ്കിലും സര്‍ക്കാരാശുപത്രിയില്‍ നിന്നും പ്രൈവറ്റ് ആശുപത്രിയിലേയ്ക്ക് മാറുന്ന വ്യത്യാസം മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. സുഖസൌകര്യങ്ങള്‍ കൂടുകയും ചില ആനുകൂല്യങ്ങള്‍ നഷ്ടമാവുകയുമാണ് ചുരുക്കത്തില്‍ സംഭവിച്ചത്. എക്സിക്യൂട്ടീവ് ബാച്ചിലര്‍ ഭക്ഷണം പാകം ചെയ്യാന്‍ പാടില്ലത്രേ. ഹോട്ടലിലേ കഴിക്കൂ. ബാത്ത്റൂം കഴുകാന്‍ സരോജിനിമാര്‍ വേറെ വരും. പണം പോയാലും പത്രാസുള്ള താമസം. അങ്ങനെ ഈ പത്രാസും താങ്ങിയുള്ള ജീവിതം കുറച്ചു കാലം കൊണ്ടുനടന്നപ്പോള്‍ ഹോട്ടല്‍ ഭക്ഷണം കഴിച്ച് ശാരീരിക അളവുകളില്‍ ചില വ്യതിയാനങ്ങള്‍ സംഭവിക്കുകയും ശരീരം ചില ഭാഗങ്ങളില്‍ നിക്ഷേപസമാഹരണം നടത്തുകയുമുണ്ടായി. തുല്യ ദുഖിതരും സമാന ചിന്താഗതിക്കാരുമായ മറ്റു ചിലരെക്കൂടി കണ്ടുമുട്ടിയപ്പോള്‍, ശാരീരികവും സാമ്പത്തികവുമായ ആരോഗ്യസംരക്ഷത്തിന്‍റെ ഭാഗമായി, എല്ലാവര്‍ക്കും കൂടി ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്തു താമസം തുടങ്ങിക്കൂടെ എന്നൊരു ചിന്ത. വീണ്ടും മൊയ്‌തുവിന്‍റെ  അന്വേഷണം നീണ്ടു. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഞങ്ങളെല്ലാവരും കൂടി പുതിയൊരു ഫ്ലാറ്റിലേയ്ക്ക് താമസം മാറി. മുന്‍പുണ്ടായിരുന്ന താമസസ്ഥലങ്ങളിലേയ്ക്ക് ഓടിക്കേറി താമസിക്കുന്ന സുഖമൊന്നും ഇതിനുണ്ടായിരുന്നില്ല. ലീസിംഗ് കമ്പനി മുതല്‍ ഇലക്ട്രിസിറ്റി, ഗ്യാസ്, ഇന്റര്‍നെറ്റ്‌, ഫോണ്‍, ടിവി,  തുടങ്ങി വെള്ളം സപ്ലൈക്കാരനു വരെ ഡിപോസിറ്റ്. ആ വകയില്‍ തുക എണ്ണായിരം. പിന്നെ ഫ്ലാറ്റിലേയ്ക്കുള്ള അത്യാവശ്യം ഫര്‍ണീച്ചര്‍, അടുക്കള ഉപകരണങ്ങള്‍, മറ്റു പലവഹ- തുക പതിനായിരം. ക്ലീനിംഗ്, പെയിന്റിംഗ് തുടങ്ങി തുക ആയിരത്തി അഞ്ഞൂറ്. ഇതെല്ലാം കൊടുത്തു തിരിഞ്ഞു നോക്കുമ്പോള്‍ മൊയ്തു തല ചൊറിഞ്ഞു നില്‍ക്കുന്നു. അവന്‍റെ കമ്മീഷന്‍ മൂവായിരത്തി അഞ്ഞൂറ്... ഈ സംരഭത്തിനു മുന്‍കൈ എടുത്തത്‌ ഞാനായതുകൊണ്ടും, കോണ്‍ട്രാക്റ്റ് എന്‍റെ പേരില്‍ എഴുതിയതിനാലും, മറ്റുള്ളവര്‍ക്ക് അല്ലറ ചില അസൌകര്യങ്ങള്‍ ഉള്ളതിനാലും ഇതെല്ലാം എന്‍റെ തലയില്‍ തന്നേ പെട്ടു. ഈശ്വരാ...... ഈ പൈസയെല്ലാം ഞാന്‍ എവിടെ നിന്നുണ്ടാക്കും എന്നാലോചിച്ചു നില്‍ക്കുമ്പോഴേക്കും എവിടെ നിന്നെന്നറിയില്ല ഒരു സഹായഹസ്തം എന്‍റെ നേരെ നീണ്ടു. നിറയെ രോമങ്ങള്‍ നിറഞ്ഞ തടിച്ചുരുണ്ട് കണ്ടുപരിചയമുള്ള  ഒരു കൈത്തണ്ട... പലിശക്കാരന്‍ വാറുണ്ണി??... അല്ല.. വാറുണ്ണിയുടേയും ഗ്ലോറിഫൈഡ് രൂപം...ക്രെഡിറ്റ്‌ കാര്‍ഡ്. ആപത്തില്‍ സഹായിക്കാന്‍ അല്ലെങ്കിലും ഇത്തരക്കാര്‍ മാത്രമേ ഉണ്ടാകാറുള്ളൂ. രണ്ടും കല്‍പ്പിച്ചു, കുളിച്ചു ശുദ്ധമായി ഈറനുടുത്തു വന്നു കഴുത്തു ബലിക്കല്ലില്‍ വച്ചു. തുടര്‍ന്നങ്ങോട്ട് സംഭവരഹിതങ്ങളായ ആദ്യ ചില മാസങ്ങള്‍ കഴിഞ്ഞതോടെ അവിടവിടെയായി അല്ലറ ചില്ലറ തീപ്പൊരികള്‍ കണ്ടു തുടങ്ങി. ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴേക്കും സാമ്പിള്‍ വെടിക്കെട്ട്‌ ഒറിജിനല്‍ വെടിക്കെട്ടായി മാറുകയും ഫിനിഷിംഗ് പോയന്റിലെ കൂട്ടപ്പോരിച്ചിലുകള്‍ക്കിടയില്‍ കാര്യങ്ങള്‍ക്ക് ഏതാണ്ടൊരു തീരുമാനമുണ്ടാവുകയുമുണ്ടായി.
ഇപ്പോള്‍ ഞാന്‍ സ്വന്തമായൊരു നാടക കമ്പനി നടത്തുകയാണ്. കാരണവര്‍ ഞാന്‍ തന്നെ. അന്ന് കൂടെ വന്നവരില്‍ ഒരാള്‍ ഇപ്പോള്‍ എന്‍റെ കാര്യസ്ഥനാണ്. മറ്റു കഥാപാത്രങ്ങളെ ഞാന്‍ പല സമയങ്ങളിലായി കൂടെ കൂട്ടി. ഓഫീസ് ജോലി വേഗം തീര്‍ത്ത് ഇന്നു നേരത്തെ വീട്ടിലെത്തണം. നാട്ടില്‍ നിന്നും പുതിയതായി വന്ന പയ്യനെയും കൂട്ടി രാജീവന്‍ വരാമെന്നു പറഞ്ഞിട്ടുണ്ട്
 

10 comments:

  1. ഒരുമാതിരിപ്പെട്ട എല്ലാ ബാച്ചിലര്‍ താമസസ്ഥലങ്ങളിലേയും പോലെതന്നെ ഇവിടെയും പഴയ പ്രൊഫഷണല്‍ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സ്ഥിതിവിശേഷമാണ് നിലനിന്നുപോന്നിരുന്നത്. ആ വീട്ടിലെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന ഏകാധിപതിയെപ്പോലൊരു കാരണവര്‍, അയാളുടെ കയ്യാളായി എല്ലാം ചെയ്തുകൊടുക്കുകയും എന്നാല്‍ മറ്റുള്ളവരെ അത്യാവശ്യം ഭരിക്കാനും പാരപണിയാനും നടക്കുന്ന കാര്യസ്ഥന്‍, കാരണവരുടെ ചെയ്തികളെ ചോദ്യം ചെയ്യുന്ന ധിക്കാരിയും തന്‍റേടിയും കുടുംബത്തിനു ദുഷ്പേരുണ്ടാക്കാന്‍ വേണ്ടിമാത്രം ജനിച്ചു എന്നാരോപിക്കപ്പെടുന്ന ചെറുപ്പക്കാരന്‍, കാരണവരുടെ ചെയ്തികളില്‍ എതിര്‍പ്പുണ്ടെങ്കിലും ഒന്നും തുറന്നുപറയാന്‍ ധൈര്യമില്ലാതെ എല്ലാം കണ്ടും കേട്ടും സഹിച്ചും കഴിയുന്ന ചെറിയച്ഛന്‍, മുതിര്‍ന്നവരുടെ കണ്‍വെട്ടത്തു നിന്നുമാറി സകല കുരുത്തക്കേടുകളും കാട്ടിക്കൂട്ടുന്ന ചെറുബാല്യക്കാര്‍. anubhavam guru!! excellent one pradeepeta..

    ReplyDelete
    Replies
    1. സ്ഥാനകയറ്റം കിട്ടി, ഇന്ന് ആ മുറിയുടെ വാതില്‍ക്കല്‍ കട്ടളയില്‍ കയ്യും താങ്ങി കക്ഷമെല്ലാം കാണിച്ചുകൊണ്ട് നില്‍ക്കുന്ന ആ "വെളുത്തു" തടിച്ച ഒരു കുടവയറന്‍ വിഷ്ണു ആണോ?

      Delete
  2. വായിച്ചു
    ഇഷ്ടപ്പെട്ടു
    ഇനിയും വരാം

    ReplyDelete
  3. ഈ ജീവിതം കുറെ നാൾ ഉണ്ടായിരുന്നത് കൊണ്ടാവണം , വായിച്ചപ്പോൾ അതിശയം ഒന്നും തോന്നിയില്ല !

    നന്നായി എഴുതിയിട്ടുണ്ട് ! ആശംസകൾ !

    ReplyDelete
  4. ഗൾഫ് ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ സരോജിനി വേഷം കെട്ടുകയും, പാചക സാഹസം ഏറ്റെടുക്കുകയും, ഇങ്ങനെ പോയാല നളൻ എനിക്കെതിരെ മാന നഷ്ടത്തിനു കേസ് കൊടുക്കുമെന്ന് ബോധ്യമായപ്പോൾ ഭക്ഷണ പങ്കാളിത്തത്തിൽ നിന്നും പിൻ മാറുകയും ചെയ്ത ഒരു കാലം എന്നെ ഓര്മ്മപ്പെടുത്തുന്നു "ബാച്ചിലർ പരിണാമം". വാറുണ്ണി പിടി മുറുക്കാൻ അനുവദിക്കഞ്ഞതിനാൽ, അതിൽ നിന്ന് രക്ഷ പെട്ടു. കാരണവർ തനി തണ്ണി ആയിരുന്നു. ഒരു രഹസ്യ നമ്പരിൽ കാരണവർ വിളിക്കുമ്പോൾ, രണ്ടു വാളിന്റെ പടമുള്ള കുപ്പി രഹസ്യമായി എത്തിയിരുന്നു. നാട്ടിലേക്കാൾ പ്രൊഫെഷെനൽ ആയി മദ്യ കടത്തു ഇവിടെ നടക്കുന്നതും അതിശയത്തോടെ കണ്ടു. കുപ്പിയിലെ പടം പ്രതീകാല്മകം ആണെന്ന് കലാ പരിപാടിയുടെ അവസാനത്തിലെ വെടിക്കെട്ടിൽ നിന്നും മനസ്സിലായി.

    വാക്കുകള കൊണ്ട് വളരെ നന്നായി വരച്ച ഒരു നേർക്കാഴ്ച. വളരെ വളരെ നന്നായിരിക്കുന്നു. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു

    ReplyDelete