Saturday, July 16, 2011

ആമോദമോദം ഈ മധു മാസം


ഇതു ഭര്‍ത്താക്കന്മാരുടെ ആമോദകാലം. ഈ ഒരു മാസം... അതവര്‍ ഒരു തരി പോലും പാഴാക്കാതെ ആഘോഷിക്കുകയാണ്. 

അവസാന പരീക്ഷയും കഴിഞ്ഞ് സ്കൂള്‍ അടച്ചു വീട്ടിലേക്കു വരുന്ന വിദ്യാര്‍ത്ഥിയുടെ നിഷ്കളങ്ക സന്തോഷമാണ് ഭാര്യയേയും കുട്ടികളെയും നാട്ടിലേക്ക് പ്ലെയിന്‍ കയറ്റി വിട്ട് എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചു വരുന്ന ഭര്‍ത്താവിന്. സ്വാതന്ത്ര്യത്തിന്‍റെ തിളക്കം അവന്‍റെ കണ്ണുകളില്‍ നിന്നും ഒളിച്ചു വയ്ക്കാനാവാതെ പുറത്തു ചാടിക്കൊണ്ടേയിരിക്കുന്നു. കരിഞ്ഞുണങ്ങികിടക്കുന്ന അവന്‍റെ ജീവിത മണലാരണ്യത്തില്‍ ചുരുങ്ങിയത് ഒരു മാസത്തേക്കെങ്കിലും വസന്തം വിടരും. മനസ്സ് ചിറകടിച്ചു പറക്കുന്നതിനോടൊപ്പം തന്നെ മുപ്പതു ദിന കര്‍മ പരിപാടികള്‍ക്ക് രൂപം കൊടുക്കുകയുമാണവന്‍. ഓഫീസ് ആവശ്യത്തിനോ, നാട്ടില്‍ പണി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന വീടിനോ, കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പ്രൊഫഷണല്‍ കോഴ്സിനു ചേര്‍ക്കേണ്ട മകളുടെ പഠിപ്പിനും തുടര്‍ന്നുള്ള വിവാഹത്തിനും കരുതേണ്ട പണത്തിന്‍റെ കാര്യത്തിലോ പോലും ഇത്രയും അച്ചടക്കമാര്‍ന്ന, പാളിച്ചകളില്ലാത്ത ഒരു പദ്ധതി രൂപികരിക്കാന്‍ സാധിച്ചിട്ടില്ല. വര്‍ഷത്തിലൊരിക്കല്‍ ഭാഗ്യവന്മാര്‍ക്ക് മാത്രം ലഭിക്കുന്ന ഈ സുവര്‍ണ്ണാവസരം പരിപൂര്‍ണ്ണമായി വിനിയോഗിക്കുകയാണവര്‍. 

വഴിയരികിലെ സ്ത്രീകളെ പേടിയില്ലാതെ ശ്രദ്ധിക്കാം, സൂപ്പര്‍മാര്‍ക്കറ്റില്‍ അഭിവാദ്യം ചെയ്തു വരുന്ന സെയില്‍സ്‌ ഗേളിനെ മനസ്സമാധാനത്തോടെ പ്രത്യഭിവാദ്യം ചെയ്യാം, കൂട്ടുകാരുമൊത്തൊരുമിച്ച്, തുടര്‍ച്ചയായ ഫോണ്‍ കോളുകളുടെയോ അന്വേഷണങ്ങളുടെയോ ശല്യമില്ലാതെ എത്ര നേരം വേണമങ്കിലും ചിലവഴിക്കാം. വിളിച്ചെടുത്ത ചിട്ടിക്കു ജാമ്യം നില്‍ക്കാന്‍  ആളില്ലാത്തതിനാല്‍ ചിട്ടി കമ്പനിക്കാര്‍ തന്നെ കൈവശം വച്ചിരിക്കുന്ന പോലെ കാലങ്ങളായി അലമാരയില്‍ അടങ്കല്‍ ഇരുന്നിരുന്ന ഷീവാസ് റീഗലും ജോണി വാക്കറുമെല്ലാം ഇനി സ്വന്തം വീര്യം തെളിയിച്ചു തുടങ്ങാന്‍ പുറത്തിറങ്ങും. 

ഇതു ഭാര്യമാര്‍ അറിഞ്ഞു നല്‍കുന്ന പരോള്‍. 

കൂട്ടുകാരുമൊത്തുള്ള വെള്ളമടി തന്നെയാണ് ഈ കാലയളവിലെ പ്രധാന വിനോദ പരിപാടി. ഗള്‍ഫില്‍ വന്ന സമയത്തെ ബാച്ചിലര്‍ ജീവിതത്തിലെ പാചക കസര്‍ത്തുകള്‍ പൊടി തട്ടിയെടുക്കാനും ഈ അവസരം വിനിയോഗിക്കപ്പെടാറുണ്ട്. പ്രധാനമായും ഭാര്യമാരുടെ കൂരമ്പു കണക്കെയുള്ള പരസ്യമായ നോട്ടങ്ങളില്‍ നിന്നും, അകത്തു വച്ചുള്ള കണ്ണീര്‍ പ്രകടനങ്ങളില്‍ നിന്നും, അതിനേക്കാള്‍ ദുരിതം പിടിച്ച ആവലാതികളില്‍ നിന്നും മോചിതമായിക്കൊണ്ടുള്ള മനസ്സമാധനപൂര്‍ണ്ണമായ ഒരു മധുസേവ. മധുവിന്‍റെ ലഹരിയെക്കാള്‍, ബാച്ചിലര്‍ ലൈഫിലേക്കുള്ള തിരിച്ചു പോക്കിന്‍റെ അതിശക്തമായ ലഹരി. ആരോടും ഒന്നിനോടും ബാദ്ധ്യതയില്ലാതെ താന്തോന്നിയായി നടക്കാനുള്ള അവകാശം. ആ അവകാശത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയാണ് ഗള്‍ഫിലെ ഈ ഭര്‍ത്താക്കന്മാര്‍. സ്കൂള്‍ അവധിക്കാലമായ രണ്ടു മാസം കുട്ടികളേയും ഭാര്യയേയും നാട്ടിലേക്കയച്ചു ആദ്യ ഒരു മാസം ഇവിടെ പരോള്‍ ആഘോഷിക്കുകയും അടുത്ത ഒരു മാസം ലീവില്‍ നാട്ടില്‍ പോയി പകുതി ആനന്ദിക്കുകയും തുടര്‍ന്ന് എല്ലാവരും കൂടെ തിരികെ മടങ്ങി വന്ന് പഴയ ജയില്‍ വാസത്തിലേക്ക് നേരെ വന്നുകയറുകയുമാണ് പൊതുവേ കണ്ടു വരുന്ന രീതി. 

ഭര്‍ത്താക്കന്മാരുടെ നിരുത്തരവാദപരമായ സമീപനങ്ങളെകുറിച്ച് സദാ ആധിയുള്ള ഭാര്യമാര്‍ക്ക് തീരെ മനസ്സമാധാനമില്ലാത്ത ഒരു മാസക്കാലമാണ് ഇത്. പൊട്ടിപ്പോയ പട്ടത്തിന്‍റെ ഇങ്ങേ അറ്റത്തെ ചരട് വിരലില്‍ ചുറ്റി വച്ചിരിക്കുന്ന അവസ്ഥ. നാട്ടിലെ ബന്ധുമിത്രാദികള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ക്ക്‌ സമാധാനം കണ്ടെത്തേണ്ട ബാദ്ധ്യതയ്ക്കു പുറമേ ഈ അവസ്ഥ തന്‍റെ തലയില്‍ അടിച്ചേല്‍പ്പിച്ച്, ഒരു പെട്ടി പിടിക്കാന്‍ പോലും തനിക്ക് ഉപകാരമില്ലാതെ ഒരു തലച്ചുമട് സാധങ്ങളും രണ്ടു പിള്ളേരെയും തന്‍റെ കൂടെ കയറ്റി വിട്ട് ഭര്‍ത്താവ് അവിടെ ഈ ഒരു മാസക്കാലം മുഴുവന്‍ ആഗസ്റ്റ്‌ 15 ആഘോഷിക്കുകയാണല്ലോ എന്ന ആധിയും പേറി നടക്കുന്ന ഭാര്യമാര്‍ ഒരു മനസ്സമാധാനത്തിനു വേണ്ടിയെങ്കിലും ദിവസേന ഫോണ്‍ വിളിച്ചു ചോദിക്കും.
“ ഇന്നെന്തായിരുന്നു പരിപാടി ?”
ചുറ്റും ആര്‍പ്പുവിളികളും പൊട്ടിച്ചിരികളും കയ്യില്‍ നുരയുന്ന ലഹരിയുമായി ഉല്ലസിക്കുന്ന സുഹൃത്തുക്കളോട് ഉയര്‍ത്തിപ്പിടിച്ച മൊബൈലും ചൂണ്ടിക്കാണിച്ച് ശബ്ദമുണ്ടാക്കാതിരിക്കാന്‍ ആംഗ്യം കാണിച്ചുകൊണ്ട് വിനീത വിധേയന്‍ ഭര്‍ത്താവ് മൊഴിയും.
“ ഓ..... എന്ത് പരിപാടി...ഞാനിവിടെ ടിവിയും കണ്ടു ബോറടിച്ചിരിക്കുകയാണ്. നീയും പിള്ളാരുമില്ലാതെ ഒരു സുഖമില്ല. വീട്ടിലേക്കു കയറാനേ തോന്നുന്നില്ല. നീയില്ലാതെ ആ ബെഡില്‍ എനിക്ക് ഒറ്റയ്ക്ക് കിടന്നുറങ്ങാനേ പറ്റുന്നില്ല. എന്നിട്ട് ഞാനാ ഹാളിലെ സോഫയില്‍ ടിവി കണ്ടു കിടന്നുറങ്ങും. ഐ മിസ്സ്‌ യു ഡാ... നീയില്ലാത്തപ്പോഴാണ് നിന്‍റെ വില ഞാന്‍ ശരിക്കും മനസ്സിലാക്കുന്നത്. മോളൂ... ഐ ലവ് യു സോ മച്ച്..”
ഭര്‍ത്താവില്‍ പരിപൂര്‍ണ്ണ വിശ്വാസമില്ലെങ്കിലും അടിസ്ഥാനപരമായി ആളൊരു പരമ ശുദ്ധനും കൂട്ടുകൂടിയാല്‍ മാത്രമേ പ്രശ്നമുള്ളൂ എന്നുമുള്ള അന്ധവിശ്വാസത്തില്‍ ജീവിക്കുന്ന ഭാര്യ, പതിനൊന്നു മാസത്തെ അവിശ്വാസത്തിന്‍റെ ഫലശ്രുതിയെന്നോണം ഭര്‍ത്താവിന്‍റെ ഈ “നിഷ്കളങ്ക സ്നേഹം” തൊണ്ട തൊടാതെ വിഴുങ്ങാന്‍ നിര്‍ബന്ധിതയാകുന്നു. ആര്‍ദ്രമായ മോളൂ വിളിയിലും മറ്റു മധുവാണിയിലും ഭാര്യ ഫ്ലാറ്റ്‌... ഇത് അവരുടെ തലവിധി.

ഭര്‍ത്താക്കന്മാര്‍ ആഘോഷം തുടരുകതന്നെയാണ്. ജീവിതത്തിലെ ചില തിരിച്ചു വരവുകളുടെ ആഘോഷം.