Friday, April 1, 2011

മാനേജര്‍ വില്‍പ്പനയ്ക്ക്


ഇക്കഴിഞ്ഞ ദിവസം രാവിലെ ആപ്പീസില്‍ കയറിചെന്നപ്പോള്‍ നോട്ടീസ്ബോര്‍ഡിലതാ പച്ചമലയാളത്തില്‍ ഒരു പരസ്യം.

മാനേജര്‍ വില്‍പ്പനയ്ക്ക്
പ്രത്യേകിച്ച് ഗുണഗണങ്ങളൊന്നുമില്ലാത്തതും കീഴ്ജീവന പീഡനം മേലുദ്യോഗസ്ഥ പ്രീണനം എന്നീ പ്രാഗത്ഭ്യങ്ങളുള്ളതും അനര്‍ഹമായ സ്ഥാനം കൈക്കലാക്കാന്‍ പ്രത്യേകം മികവുള്ളതുമായ ഒരു മാനേജരെ വില്‍ക്കാനുണ്ട്.
ഉപഭോക്താവിന്‍റെ യോഗ്യത: ഏറ്റെടുക്കാനുള്ള സന്മനസ്സ് മാത്രം.
NB:- ഒരിക്കല്‍ വിറ്റ സാധനം യാതൊരു കാരണവശാലും തിരിച്ചെടുക്കുന്നതല്ല.

ഡിവിഷന്‍ മാനേജരുടെ ക്രൂരതകളും അധിക്ഷേപങ്ങളും സഹിക്ക വയ്യാഞ്ഞ്, തങ്ങളുടെ മനോവികാരവും പ്രതിഷേധവും പ്രകടമാക്കാന്‍ ചിലര്‍ കണ്ടെത്തിയ വഴിയാണിത്.
കമ്പനി തലപ്പത്തുള്ള ആരുടെയൊക്കെയോ വേണ്ടപ്പെട്ടവനായി വന്നതാണീ ലെബനോണ്‍കാരന്‍ മാനേജര്‍. ഡിവിഷന്‍റെ സാങ്കേതിക, സാമ്പത്തിക, പ്രവര്‍ത്തന വിഷയങ്ങളെക്കുറിച്ചൊന്നും തന്നെ വ്യക്തമായ ധാരണയൊന്നുമില്ലാത്ത വ്യക്തിയാണെങ്കിലും വര്‍ത്തമാനത്തിലും പ്രവൃത്തിയിലും താന്‍ സര്‍വ്വജ്ഞപീഠം കയറിയവനാണെന്ന വിചാരത്തിനുടമ. സ്വയം വിശ്വാസമില്ലാത്തതുകൊണ്ടാണോ എന്തോ “ ഐ ആം ആന്‍ എഞ്ചിനീയര്‍” എന്ന് ഇടയ്ക്കിടയ്ക്ക് സ്ഥാനത്തും അസ്ഥാനത്തും പറഞ്ഞു കൊണ്ടിരിക്കും. സപ്തവര്‍ണ്ണങ്ങള്‍ ചാലിച്ച പവര്‍പോയിന്‍റ് പ്രസന്‍റേഷന്‍ സഹിതം ഇടയ്ക്കിടെ മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുകയാണ് ഇയാളുടെ പ്രധാന വിനോദം. മീറ്റിംഗുകളിലൂടെ അഭിവൃദ്ധി എന്ന വിശ്വാസ പ്രമാണത്തില്‍ ഇദ്ദേഹവും ഉറച്ചു വിശ്വസിക്കുന്നു.  വൈ?, ഐ നീഡ് ഇറ്റ്‌ നൌ, ദിസ്‌ ഈസ്‌ നോട്ട് ആക്സെപ്റ്റ്ബിള്‍ എന്നീ ത്രിമൂര്‍ത്തികളാണ് ഇദ്ദേഹത്തിന്റെ ആരാധനാമൂര്‍ത്തികള്‍. സാധാരണ പോലെ  തന്നെ സായിപിനെ പഞ്ചപുച്ഛമടക്കിനിന്നു ബഹുമാനിക്കുക, തെക്കനേഷ്യക്കാരുടെ തലയില്‍ കാളിയമര്‍ദ്ദനമാടുക എന്നീ വിശ്വാസ രീതികള്‍ ഇയാളും പിന്തുടരുന്നു.
ഡിപാര്‍ട്ട്മെന്റിലെ കുറച്ചു മലയാളി ചെറുപ്പക്കാരാണ് ഇയാളുടെ ശരിയായ ഇരകള്‍. കുപ്പിയില്‍ നിന്നു വന്ന ഭൂതത്തെപ്പോലെ ഏല്‍പ്പിക്കുന്ന പണികളോരോന്നും കൃത്യമായും വേഗത്തിലും ചെയ്തു തീര്‍ക്കുന്നു എന്ന മഹാപരാധത്തിനു പകരമായി അവരുടെ ഓരോരുത്തരുടേയും പണിപ്പാത്രം അക്ഷയപാത്രം കണക്കെ നിറഞ്ഞുകൊണ്ടേ ഇരുന്നു. ഇവിടേയും പണിയെടുക്കുന്നവരും വെറുതെ ഇരിക്കുന്ന ഗൌളീമനസ്കരായ ഉത്തരംതാങ്ങികളും തമ്മില്‍ വ്യക്തമായ അന്തരം എല്ലാ മേഖലയിലും നിര്‍വ്വചിച്ചിട്ടുണ്ട്.
പണിയിലെ മികവിനു പ്രതിഫലമായി ശമ്പളക്കൂടുതലോ പ്രമോഷണോ ചോദിച്ചാല്‍ കൃത്യമായ വിശദീകരണം ലഭിക്കും,
“ഞാന്‍ നിങ്ങളുടെ പ്രമോഷനു വേണ്ടി റെക്കമെന്‍റ് ചെയ്തിരുന്നു. പക്ഷേ ഡിവിഷന്‍ നഷ്ടത്തിലായിരുന്ന കാരണം എല്ലാം ഹോള്‍ഡ്‌ ചെയ്യാനാണ് മാനേജ്‌മന്റ്‌ തല്ക്കാലം തീരുമാനിച്ചിരിക്കുന്നത്. എനി ഹൌ, ജോലിയില്‍ നിങ്ങളുടെ ഡെഡിക്കേഷനും കമ്മിറ്റ്മെന്റും മാനേജ്മെന്റിനു മനസ്സിലായിട്ടുണ്ട്. അവര്‍ വളരെ ഇംപ്രസ്സ്ഡ് ആണ്.”
കഴിഞ്ഞു..... ആ എല്ലിന്‍ കഷണത്തില്‍ നക്കി നക്കി ബാക്കിയുള്ള കാലം ഈ ഡെഡിക്കേഷനും കമ്മിറ്റ്മെന്റും നിലനിര്‍ത്താന്‍ ഇവന്‍ പാടുപെട്ടോളും. എങ്ങാനും അത് കുറഞ്ഞുപോയാല്‍ അതിന്‍റെ പേരില്‍ അടുത്ത തവണ പ്രമോഷന്‍ നഷ്ടപ്പെടെണ്ടല്ലോ... മോഹനസുന്ദര ഭാവി സ്വപ്നം കണ്ട് ഇവര്‍ രാവും പകലുമില്ലാതെ തങ്ങളുടെ കഴിവു മുഴുവന്‍ പുറത്തെടുത്ത് ജോലിയില്‍ ഒരു ടാജ്മഹല്‍ തന്നെ പണിയും. അതുകൊണ്ടാണല്ലോ ഇയാള്‍ മാനേജരും മറ്റവര്‍ സ്ഥിരം പണിക്കാരുമായി കാലക്ഷേപം കഴിക്കുന്നത്‌. 
ഇത്തരം ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടത്തികൊണ്ട് സ്ഥാപനത്തിന്‍റെ യശസ്സിനുംഉയര്‍ച്ചയ്ക്കും വേണ്ടി അഹോരാത്രം യത്നിക്കുന്ന ഈ ഉദ്യോഗസ്ഥ കേസരിയെ കുറിച്ചാണ് ചില എഭ്യന്മാര്‍ നേരത്തേ പറഞ്ഞ നോട്ടീസ് പതിച്ചത്. പ്രവാസഭൂമിയിലെ നിയമം അനുവദിക്കുമായിരുന്നുവെങ്കില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനവും തുടര്‍ന്ന് “ജീവനക്കാരും മാനേജ്‌മെന്‍റ് വീക്ഷണങ്ങളും” എന്നതിനെ അടിസ്ഥാനമാക്കി ഒരു ചര്‍ച്ചയും ഇവിടെ സംഘടിപ്പിക്കാമായിരുന്നു.
ഈയിടെയായി ഈയുള്ളവനും ഉറക്കമൊഴിഞ്ഞിരുന്ന്‍ ഈവക കാര്യങ്ങളെല്ലാം പഠിക്കുകയാണ്. എങ്ങാനും ഒരു മാനേജര്‍ പട്ടം തരപ്പെട്ടാലോ? എന്‍റെ പേരും നോട്ടീസ് ബോര്‍ഡില്‍ അധികം കാലതാമസമില്ലാതെ വരുത്തേണ്ടതല്ലേ?
വാല്‍ക്കഷണം:
നേരത്തേ പറഞ്ഞ ഹതഭാഗ്യരുടെ കൂട്ടത്തിലുള്ള തൃശൂര്‍ക്കാരന്‍ തിരുമേനി പറഞ്ഞത്.. ”ഞങ്ങളുടെ ആപ്പീസില്‍ രണ്ടു വിഭാഗം ആള്‍ക്കാരെയുള്ളൂ. ചിലര്‍ക്കു പണി മാത്രം. മറ്റുചിലര്‍ക്ക് ശമ്പളം മാത്രം.”