Friday, January 28, 2011

സമ്പാദ്യം


ഞങ്ങളുടെ അടുത്ത ഗ്രാമത്തിലെ പേരു കേട്ട ഇല്ലത്തെ അംഗമാണ് ശ്രീ കൃഷ്ണന്‍ നമ്പൂതിരി. പഴയ പ്രതാപത്തിന്‍റെ നിറം മങ്ങിയ ഓര്‍മ്മകള്‍ ഇപ്പോഴും കൂടെ കൊണ്ടുനടക്കുന്നു അദ്ദേഹം. തലമുറകള്‍ക്കു മുന്‍പ് ആ പ്രദേശം മുഴുവന്‍ ഇവരുടെ കീഴിലായിരുന്നു എന്ന് കേട്ടിട്ടുണ്ട്. കാലങ്ങളായുള്ള ദുര്‍വ്യയങ്ങളും കൂടാതെ സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമവും കൂടി ആയപ്പോള്‍ കുറേയധികം ഭൂസ്വത്തുക്കള്‍ ഇവര്‍ക്ക് നഷ്ടപ്പെട്ടു. ഇപ്പോള്‍ പറയാന്‍ പഴയ പ്രതാപം മാത്രം ബാക്കി.
സംസ്കൃതത്തിലും പാരമ്പര്യ വൈദ്യത്തിലും നൈപുണ്യമുണ്ട് ഇദ്ദേഹത്തിന്. അലോപ്പതി ഡോക്ടര്‍മാരുടെ അതിപ്രസരത്താല്‍ ഈയിടെയായി തിരുമേനിക്ക് രോഗികളെ അധികം ലഭിക്കാറില്ലെങ്കിലും, തന്നെ ആവശ്യമുള്ളവര്‍ ഇങ്ങോട്ട് തേടി വരുമെന്ന ശുഭപ്രതീക്ഷ സ്ഥിരമായി വച്ചു പുലര്‍ത്തുന്നു ഇദ്ദേഹം. മരുന്നുകള്‍ ഇല്ലത്ത് തന്നെ ഉണ്ടാക്കി രോഗികള്‍ക്കു കൊടുക്കുകയാണ് പതിവ്. രോഗികളുടെ എണ്ണം കുറയുകയും ജീവിത ചിലവുകള്‍ ഏറുകയും ചെയ്തപ്പോള്‍ ജീവസന്ധാരണത്തിനായി അദ്ദേഹം മരുന്ന് നിര്‍മ്മാണം ഒന്നു വിപുലപ്പെടുത്താന്‍ തീരുമാനിച്ചു. ഒരു ലൈസെന്‍സ് ഒക്കെ സംഘടിപ്പിച്ച് ഒരു ഡെലിവറി വാനും എങ്ങനെയോ തരപ്പെടുത്തി മരുന്ന് ചില സ്ഥലങ്ങളിലൊക്കെ വിതരണം നടത്തി വരുന്നു ഇപ്പോള്‍.
അങ്ങനെയിരിക്കെയാണ്‌ തിരുമേനിയുടെ മൂത്ത മകള്‍ക്ക് വിവാഹാലോചനയുമായി കുറച്ചകലെയുള്ള ഒരു സ്ഥലത്തു നിന്നും ഒരാള്‍ ഇവിടെ വന്നത്. പയ്യന്‍ ഒരു ആയുര്‍വേദ ഡോക്ടര്‍. അതുകൊണ്ടു തന്നെ മരുന്നു കമ്പനിയുള്ള തിരുമേനിയുടെ മകളില്‍ ഒരു പ്രത്യേക താല്‍പര്യം തോന്നുകയുമുണ്ടായി. അങ്ങനെയാണ് ആലോചനയുടെ ഭാഗമായി കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വരന്‍റെ അഫന്‍ തന്നെ ഇങ്ങോട്ടു വന്നത്. ഇല്ലത്തേക്ക് വന്നു കയറി ചുറ്റുപാടുകള്‍ എല്ലാം കണ്ട് ക്ഷ ബോധിച്ച അഫന്‍ ഒന്നുകൂടി മനസ്സില്‍ ഉറപ്പിച്ചു. ഈ മരുന്നു നിര്‍മ്മാണത്തിന്‍റെ കൂടെ കിടത്തി ചികിത്സയ്ക്ക് ഒരു ആസ്പത്രിയും ഉഴിച്ചില്‍ കേന്ദ്രവും കൂടിയായാല്‍ കേമമാവും. ഇപ്രകാരം വിവിധങ്ങളായ ചിന്തകളോടെ കൃഷ്ണന്‍ നമ്പൂതിരിയുടെ അടുത്തെത്തിയ അദ്ദേഹം തന്‍റെ ആഗമനോദ്ദേശം വെളിപ്പെടുത്തി. തന്‍റെ മകള്‍ക്കൊരു വേളിക്കാര്യമാണ് എന്നറിഞ്ഞ കൃഷ്ണന്‍ നമ്പൂതിരി ഒന്ന് സന്തോഷിച്ചു. സ്വീകരണം, ചായകുടി, മുറുക്ക് എന്നിവയ്ക്കിടയില്‍ കാര്യാന്വേഷണങ്ങളും നടന്നു.
“ അപ്പോ.... അവിടെ ഇല്ലത്ത് ആര്വ്‌ക്കെണ്ട്? “  കൃഷ്ണന്‍ നമ്പൂതിരി ചോദിച്ചു.
“ ഏട്ടനും ഏട്ത്യമ്മ്യേം പിന്നെ ഇയാളും. മകളെ കൊട്ത്തു. അവരിപ്പോ ഡെലിഹീലാ.”
ഒരു വിവാഹാലോചനയുടെ ഭാഗമായി സാമാന്യം അറിഞ്ഞു മനസ്സിലാക്കേണ്ട കാര്യങ്ങള്‍ എന്ന നിലയ്ക്ക്‌ കൃഷ്ണന്‍ നമ്പൂതിരി പിന്നെയും ചോദിച്ചുകൊണ്ടിരുന്നു.
“ അവ്ടെപ്പോ വരായ്കക്കെ എങ്ങന്യാ? “
അഫന്‍ ഒന്ന് തിരുമേനിയെ നോക്കി. ഇത്പ്പോ താന്‍ അങ്ങോട്ട്‌ ചോദിച്ചു മനസ്സിലാക്കേണ്ട കാര്യങ്ങളൊക്കെ ഇദ്ദേഹം ഇങ്ങോട്ടാണല്ലോ ചോദിക്കുന്നത് എന്നു മനസ്സില്‍ കരുതിയെങ്കിലും അദ്ദേഹം എവിടേയും തൊടാതെ മറുപടി പറഞ്ഞു.
“കൃഷി പഴ്യേ പോല്യോന്നുംല്യ..... പ്പൊ്ക്കെ കൊറവാ.  പിന്നെ..... ജോലിക്കാരെല്ലേ എല്ലാവ് രും... 
ഇവ്ടെ ങ്ങ്ന്യാ? ഈ കാണണ്തൊക്കെ കൂടാണ്ട് വേറേം ണ്ടോ? “ അഫന്‍ ചോദിച്ചു.
“ ഹേയ്... ഈ കാണണ്തൊക്കെ തന്ന്യേള്ളൂ.  ദ് ക്കെ ഓരോരുത്തരട്യാണ്. അച്ഛന്‍ സ്വത്ത് ഭാഗം വച്ചപ്പോ തറവാടും പറമ്പും ക്ക്വെ് ഏട്ടന്മാര്‍ക്ക് കിട്ടി. നമ്ക്ക് കിട്ടീത്‌ ഈ ഷുഗറും പ്രഷറ്വാണ്. ഹാ ഹാ ഹാ ഹാ ....” തിരുമേനി സ്വയം ഒരു അവലോകനം നടത്തിക്കൊണ്ട് ഉറക്കെ ചിരിച്ചു.
അഫന്‍ തിരുമേനിയും ആ തമാശയില്‍ സംശയത്തോടെയാണെങ്കിലും പങ്കു ചേര്‍ന്നു.
കൃഷ്ണന്‍ നമ്പൂതിരി തുടര്‍ന്നു- “ അത് പോല്യാവര്ത് കുട്ട്യോള്‍ടെ കാര്യംന്ന്‍ നിരീച്ചട്ട്ണ്ടാര്‍ന്നു. അവര്‍ക്ക് കാര്യായ്ട്ട് എന്തെങ്കിലുംക്ക്വെ കൊടുക്കണംന്ന്‍ന്യാ...അദ്ന് വേണ്ടീട്ടാ ഈ ബദ്ധപ്പെട്ണെ. “
“അങ്ങ്നെന്യാ വേണ്ട്ത്.” അഫനും അതു ശരി വച്ചു.
“ അതോണ്ടാ ങ്ങ്ന്യൊരു സംരംഭം തൊട്ങ്ങാന്ന്‍ നിരീച്ച്തന്നേ. ശ്ശ്യധികം ഇദ് ല് പരിശ്രമിച്ചേക്ക്ണു. “
“നല്ല ചെലവൊക്കെണ്ട് ല്ലേ? “ മുറ്റത്തുള്ള വണ്ടിയില്‍ മരുന്നു പെട്ടികള്‍ അടുക്കി വയ്ക്കുന്നത് ശ്രദ്ധിച്ചുകൊണ്ട് അഫന്‍ ചോദിച്ചു.
“ ചെലവിനൊരു കൊറവൂംല്ല്യ. അങ്ങ്ന്യോരു സമാധാനംണ്ട്. വരവിനേ കൊറവുള്ളൂ.”  മുറുക്കാന്‍ വായിലിട്ട് ഒന്ന് വെളുക്കെ ചിരിച്ചു കൊണ്ട് തിരുമേനി പറഞ്ഞു.
“ ജീവിതത്തില്‍ ഇത്രേം കാലം അദ്ധാനിച്ച്ട്ട് ന്താ് നേട്യേന്ന് ചോദ്ച്ചാല്‍ ന്ത്ങ്കിലൊക്ക്വെ വേണ്ടേ പറയാന്‍?  ന്താ്... ങ്ങ്നന്യല്ലേ? “ ചോദ്യം അഫനു നേരെ എറിഞ്ഞു തിരുമേനി വീണ്ടും തുടര്‍ന്നു. “ ന്നെ ക്കൊണ്ട് ഒരു പത്തു പതിനഞ്ച് ലക്ഷം വര്യൊക്കെ കഷ്ടി എത്തിക്കാന്‍ സാധിച്ചട്ട്ണ്ട് ന്ന്‍ങ്ങ്ട് കൂട്ടിക്ക്വോളാ.”
“ അതെയോ ... അദ്പ്പോ സ്ഥലായ്ട്ടാണോ സ്വര്‍ണ്ണായ്ട്ടാണോ കര്തീക്കണെ? ന്താ്യാലും കാശായിട്ടാവാന്‍ തരംല്ല്യ.” അഫന്‍ തന്‍റെ വ്യഗ്രത മറച്ചു വച്ചില്ല.
“രണ്ട്വംല്ല.. കടായ്ട്ടാ... നാലാള് ചോദിച്ചാല്‍ പറയാന്‍ ഒന്നൂല്ല്യാച്ചാ്ല്ത്തെ അവസ്ഥൃൊന്ന് ആലോചിച്ച് നോക്ക്വാ ഹേ...... ദ്പ്പോ നമ്ക്ക് പറയാന്‍ കട്വോങ്കിലും ണ്ട് ല്ലോ. സമാധാനം. “
പഴയ പ്രതാപൈശ്വര്യങ്ങള്‍ മാത്രമേ തന്‍റെ പക്കല്‍ പറയാനുള്ളൂ എന്നും താന്‍ മൂക്കറ്റം കടത്തില്‍ മുങ്ങി നില്‍ക്കുകയാണ് എന്നും തുറന്നു പറയാനുള്ള ദുരഭിമാനം തിരുമേനിയെ കൊണ്ടു പറയിച്ചത്‌ ഇങ്ങനെയായി പോയി.
പ്രാരാബ്ധത്തിനിടയില്‍ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വിഷമിക്കുന്ന തനിക്ക് മകളുടെ പെണ്‍കൊട ഈ ജന്മം സാമാന്യം പോലെയൊന്നും നടത്താന്‍ കഴിയില്ല എന്നറിഞ്ഞിട്ടും തങ്ങളുടെ ഗതകാല പ്രൌഢിയില്‍ നിന്നും ഒട്ടും താഴെ വരാതെ, തന്‍റെ അഭിമാനം അടിയറ വെയ്ക്കാന്‍ മടിച്ചു കൊണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ തിരുമേനി ബദ്ധപ്പെടുമ്പോള്‍ അദ്ദേഹത്തിന്‍റെ ഉള്ളിലെ ചുട്ടുനീറ്റലറിയാന്‍ ഇല്ലത്തെ ക്ഷേത്രത്തിലെ തേവരുണ്ടായിരുന്നില്ല. അടുത്തുള്ള കരയോഗം വക ക്ഷേത്രത്തില്‍ നിവേദ്യ സമയമായിരുന്നു അത്.

Wednesday, January 19, 2011

കുട്ടികൂറ

എന്റെ അസാരം നല്ല സുഹൃത്തുക്കളില്‍ ഒരാളാണ് ബിജു . ഞങ്ങളുടെ ദുബായ് പരിചിത വലയത്തില്‍ ഒരു മാതിരിപ്പെട്ട എല്ലാവര്ക്കും ബിജുവിനെ അറിയാം. നല്ല അസ്സല്‍ ത്രിശൂര്‍ക്കാരന്‍ മേനവന്‍ . സംഗീതം , ഫോട്ടോഗ്രാഫി , പക്ഷി നിരീക്ഷണം , വാന നിരീക്ഷണം ,തുടങ്ങി വിമാനം പറത്തല്‍ വരെ എത്തി നില്‍ക്കുന്ന ജീവിതതിന്നുടമ . സംഭാഷണ ചതുരന്‍ . ഈ വിഷയത്തില്‍ ലേശം തല്പര്യകൂടുതല്‍ ഇല്ലേ എന്ന് ദോഷൈ ദൃക്കുകള്‍ ചൂണ്ടിക്കാനിക്കുമെങ്കിലും അദ്ദേഹം അവയെ എല്ലാം തന്റെ വാക്കുകള്‍ കൊണ്ട് തന്നെ നേരിടാറാണ്  പതിവ് . അടുക്ക് , ചിട്ട , വൃത്തി , വെടുപ്പ് ഇത്യാദി വിഷയങ്ങളില്‍ കുറച്ചു നിഷ്കര്‍ഷയൊക്കെ ഉണ്ട്  ഇദ്ദേഹത്തിന്. അത് കൊണ്ട് തന്നെ ഇതൊന്നുമില്ലാത്ത ചില പ്രത്യേക വസ്തുക്കളോടും ചില പ്രത്യേക ജീവികളോടും ഇദ്ദേഹത്തിന് ഇഷ്ടക്കുറവുമാണ്. എന്ന് മാത്രമല്ല വെറുപ്പാണ് എന്ന് തന്നെ പറയാം. ആ ഗണത്തില്‍ പെടുന്ന ഒന്നാണ് ഗള്‍ഫിലെ സാധാരണക്കാരുടെ വളര്‍ത്തു മൃഗമായ പാറ്റ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന കൂറ. ഗള്‍ഫില്‍ കരം കെട്ടാതെയും സര്‍ക്കാര്‍ സന്നത് ആവശ്യമില്ലാതെയും യഥേഷ്ടം വളര്‍ത്താവുന്ന രണ്ടു ജീവികളില്‍ ഒന്നാണ് കൂറ . രണ്ടാമത്തേത് ബാച്ചിലേഴ്സിന്റെ പൊന്നോമന മൃഗമായ മൂട്ടയും . ഈ യാന്ത്രിക ജീവിതത്തിന്നിടയില്‍ കുറച്ചു നേരമ്പോക്കിനായി പല കുടുംബങ്ങളും ഇവറ്റകളെ വളര്‍ത്തുന്നുണ്ട് . ചിലര്‍ ഒരു ഉപജീവന മാര്‍ഗം എന്ന നിലയില്‍ വീടുകളില്‍ കൂറ ഫാമും നടത്തി വരുന്നു . പ്രാണ്യാദി വിഭവങ്ങളില്‍ വിശേഷാല്‍ താല്പര്യമുള്ള പീലൂസിനെ ( ഫിലിപ്പൈനികള്‍ എന്ന് മറു ഭാഷ്യം ) മുന്നില്‍ കണ്ടു കൊണ്ടാണ് ഇത്തരം ഫാമുകള്‍ നടത്തി വരുന്നത് എന്ന് ചില തല്പര കക്ഷികളുടെ കുപ്രചരണം നില നില്‍ക്കുന്നുണ്ട് . പക്ഷെ എന്ത് കൊണ്ടോ ബിജുവിന് ഈ മൃഗ സംരക്ഷണത്തില്‍ തീരെ താല്‍പര്യമില്ലാതെ പോയി .
അങ്ങനെയിരിക്കെ ഒരു നാള്‍ സാധാരണയായി നടത്താറുള്ള സുഹൃത്ത് സന്ദര്‍ശനങ്ങളുടെ ഭാഗമായി ബിജു തന്റെ ബാല്യകാല സുഹൃത്തും കിളിമാസ് കളി മേറ്റുമായ കേശുവിന്റെ വീട്ടില്‍ പോവുകയുണ്ടായി . കാര്യം സുഹൃത്താണെങ്കിലും കേശു , ബിജുവിന്റെ നേര്‍ വിപരീതമാണ് . എല്ലാ അര്‍ത്ഥത്തിലും ഒരു അലസ വിലസന്‍ . അടുക്കും ചിട്ടയുമൊക്കെ കഴിഞ്ഞ സംക്രാന്തിക്ക് അടിച്ചു കൂട്ടി കളഞ്ഞ്‌ , വൃത്തി , വെടുപ്പ് എന്നതൊക്കെ വെറും പൊള്ളയായ വിശ്വാസങ്ങള്‍ എന്ന മട്ടിലാണ് മൂപ്പരുടെ നടപ്പ് .
സന്ദര്‍ശന മദ്ധ്യേ ദ്വിതീയ ഘട്ടം സംഭാഷണം നടക്കുന്നതിനിടയിലാണ്  ദുബായ് കരയാകെ പിടിച്ചു കുലുക്കാന്‍ തക്കവണ്ണം പ്രസ്തുത സംഭവം നടന്നത്. ആഭ്യന്തര - അന്തര്‍ദേശീയ ചര്‍ച്ചക്ക് വിഘാതം വരുത്തികൊണ്ട് , മേശപ്പുറത്തു കൂടി സ്ഥലകാല ബോധമില്ലാതെ സാമാന്യ ബുദ്ധി പോലും കാണിക്കാതെ ഒരു  മണകുണാഞ്ചന്‍ കൂറ ഓടി വരികയും മേശപ്പുറത്തെ വട്ട പ്ലേറ്റിലെ മിക്സ്ചര്‍ മണിയില്‍ കാല്‍ തട്ടി മലര്‍ന്നു വീഴുകയും ബിജുവിനെ കണ്ടതും ടിയാന്‍ ഞെട്ടി തെറിച്ചു വളഞ്ഞു കുത്തി നിന്ന്  ഒരു മന്ദ ബുദ്ധിയെ പോലെ ബിജുവിന്റെ മുഖത്തേക്ക്  നോക്കി അന്തം വിട്ടു നിന്നു . അപ്രതീക്ഷിതമായ ഈ മുന്നേറ്റം കണ്ടു വീട്ടുടമസ്ഥന്‍ കൂറയേക്കാള്‍ അന്തം വിട്ടു . ഇയാള്‍ കൂറ അല്ലാതിതിനാലും കൂറയേക്കാള്‍ കൂടുതല്‍ സാമാന്യ ബുദ്ധി ഇയാള്ക്കുള്ളതിനാലും ഇദ്ദേഹം പെട്ടെന്നു തന്നെ മനസ്സാന്നിധ്യം വീണ്ടെടുത്തു . ബിജുവിന്റെ വക ആക്ഷേപ ശരങ്ങളും അതേ തുടര്‍ന്നുന്ടാകാവുന്ന ഉപദേശ പ്രവാഹങ്ങളും ഒരു നിമിഷം ഇദ്ദേഹത്തിന്റെ മനസ്സിലൂടെ ഓടി പോയി. 2009 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പോലും തകര്‍ന്നു താഴെ വീഴാതെ സൂക്ഷിച്ച തന്റെ ഇമേജ്  കേവലം ഒരു നിഷ്കാമ കൂറന്‍ മൂലം അഴിഞ്ഞു വീഴുന്നത് ആലോചിച്ചപ്പോള്‍ കേശുവിന്റെ ഉള്ളിലൂടെ ഒരു വിറയല്‍ കടന്നു പോയി . അടുത്ത ഒരു മണിക്കൂര്‍ നേരം തന്റെ മനശ്ശാന്തി നഷ്ടപ്പെടാതിരിക്കാനും അതിനു തക്കവണ്ണം തെറ്റ്  താന്‍ ചെയ്തിട്ടില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നതിനാലും സമചിത്തത വീണ്ടെടുത്ത കേശു അപ്പോഴും ബിജുവിന് നേരെ തുറിച്ചു നോക്കി നില്‍ക്കുന്ന കൂറയെ നോക്കി ആക്രോശിച്ചു
" മോനൂ ...Go inside... നൂറു വട്ടം ഞാന്‍ പറഞ്ഞിട്ടുണ്ട് ഗസ്റ്റ് വരുമ്പോള്‍ അവരുടെ ഇടയില്‍ വന്നു ഓടി കളിക്കരുത് എന്ന് ...പോ ... അപ്പുറത്തങ്ങാനും പോയി കളിക്ക് ..."
തന്റെ രക്ഷിതാവിന്റെ ആജ്ഞ ശിരസ്സാ വഹിച്ച പോലെ കൂറ ബിജുവിന്റെ നോക്കി ഒരു ഇളിഭ്യന്‍ ചിരി പാസ്സാക്കി വന്ന വേഗത്തില്‍ തിരിഞ്ഞോടി .
സുഹൃത്തിന്റെ സമയോചിതമായ ഇടപെടലിലും ആ വളര്‍ത്തു മൃഗത്തിന്റെ അനുസരണ ശീലത്തിലും ഇത്തവണ അന്തം വിട്ടു പോയത് സാക്ഷാല്‍ ബിജു തന്നെയാണ് . സുഹൃത്തില്‍ സംപ്രീതനായ ബിജു തന്റെ വരം ഒരു പുഞ്ചിരിയില്‍ ഒതുക്കി കൊണ്ട് കേശുവിനോട് മൊഴിഞ്ഞു 
" ഉം ... ഡാ .. നീയ്  ശാസ്ത്രീയായിട്ട് ന്ന്യാലേ ഈ ഫാം നടത്തണേ..."
( ചാനലുകളുടെ ചാര കണ്ണുകളിലൊന്നും തന്നെ ഈ സംഭവം പെടാതെ പോയത് കൊണ്ട് 72
 മണിക്കൂര്‍ ആയുസ്സുള്ള ചൂട് പിടിച്ച ചര്‍ച്ചയും ലൈവ് സംപ്രേഷണവും മലയാളി ജനതയ്ക്ക് ഒരു തീരാ നഷ്ടമായി )

Friday, January 14, 2011

പ്രണയിനി

ജനവരി 11  ചൊവ്വാഴ്ച  
രാവിലെ അബുദാബിയില്‍ മഴ പെയ്തു.
പെയ്യിച്ചതാണ് എന്ന കാര്യത്തില്‍ ഇരു വിഭാഗങ്ങള്‍ക്കും തര്‍ക്കമില്ല. വിശ്വാസികള്‍ പറയുന്നത് പ്രാര്‍ത്ഥന കൊണ്ട് മഴ പെയ്യിച്ചതാണ് എന്ന്. അവിശ്വാസികള്‍ പറയുന്നത് കൃത്രിമ മഴ പെയ്യിച്ചതാണ് എന്ന്. എന്തായാലും പെയ്യിച്ചു എന്നതില്‍ ഇരു വിഭാഗങ്ങളും മേല്സ്ഥായി ഷട്ജത്തില്‍ തന്നെ. പക്ഷെ എനിക്ക് തോന്നുന്നു എന്റെ മനസ്സാണ് ഈ മഴയെ വിളിച്ചു വരുത്തിയത് എന്ന്.
അതെന്തു തന്നെ ആയാലും മഴ ഒരു സുഖമുള്ള അനുഭൂതി തന്നെയാണ്. മഴ പെയ്തു തോര്‍ന്ന പ്രകൃതിയുടെ ലഹരി ആദ്യമായി ഞാന്‍ അനുഭവിച്ചത് കാര്യാട്ടുകര മുല്ലക്കല്‍ ഭഗവതിക്ക് രാമന്‍ തിരുമേനി പൂജ നടത്തുന്ന സമയത്തായിരുന്നു. ചിങ്ങ മാസത്തിലെ മനോഹരമായ ഒരു പ്രഭാതം. രാത്രി പെയ്തു തോര്‍ന്ന മഴയ്ക്ക് ശേഷം ഇലചാര്ത്തില്‍ നിന്നും ഊര്‍ന്നു വീഴുന്ന ജലകണങ്ങളിലൂടെ പ്രകാശ കിരണങ്ങള്‍ പ്രതിഫലിച്ചു  കൊണ്ട്   സൂര്യന്‍ ഉദിച്ചു വരുന്നു . വെള്ളം വാര്‍ന്നു നനഞ്ഞ ഭൂമിയുടെ സുഖമുള്ള പതുപതുപ്പില്‍ നിന്ന് കൊണ്ട് നോക്കുമ്പോള്‍ കഴുകി വൃത്തിയാക്കിയ മുല്ലത്തറയില്‍ മഞ്ഞളില്‍ മുങ്ങിയ ഭഗവതി. അതിനു ഭംഗി യേറ്റാനെന്ന പോലെ കഴുത്തില്‍ ചുവപ്പും പച്ചയും കലര്‍ന്ന തെച്ചി തുളസി മാല. ഇതിനിടയിലൂടെ സാവധാനം കടന്നു പോയ  തണുത്ത കാറ്റില്‍ പതിയെ കൊഴിഞ്ഞു വീഴുന്ന വെളുത്ത പിച്ചക പൂക്കള്‍ . ആനന്ദമോഹനമായ അന്തരീക്ഷത്തിലെ ഇളം തണുപ്പ് ഉള്ളിലേക്ക് ആവാഹിക്കുമ്പോള്‍ മനസ്സിനു ഉണര്‍വെകാന്‍ ഈ നിറ ചാര്‍ത്തുകള്‍ .. കൂടെ തിടപ്പള്ളിയില്‍ നിന്നും വരുന്ന നെയ്യില്‍ കുതിര്‍ന്ന ഒറ്റയപ്പത്തിന്റെ മണവും. അവാച്യമായ അനുഭൂതി.  കണ്ണുകളില്‍ അന്ന് വരെ കാണാതിരുന്ന കാഴ്ചയുടെ  വിസ്മയം ....  പലവുരി  വന്നിട്ടും മനസ്സ് അറിയാതെ പോയ കാഴ്ച ആദ്യമായി അനുഭവിച്ചതിന്റെ ആനന്ദം സിരകളില്‍ . ലഹരിക്ക്‌ ഇങ്ങനെയും ഒരു തലമുണ്ട്‌ എന്ന ആദ്യ തിരിച്ചറിവ് . അന്ന് മുതല്‍ , അന്ന് മുതല്‍ ഞാന്‍ മഴയെ സ്നേഹിച്ചു തുടങ്ങി. മഴ പെയ്തു തോര്‍ന്ന പ്രകൃതിയുടെ ലഹരി നുകരാന്‍ വേണ്ടി മാത്രം.
മഴ പെയ്തു നനഞ്ഞ പ്രതലങ്ങള്‍ എന്റെ കാമുകിമാരായി . ഇലകളെ , മരങ്ങളെ , മണ്ണിനെ , മതിലുകളെ , ഇടവഴികളെ ഞാന്‍ പ്രണയിച്ചു . എന്റെ പ്രണയം തിരിച്ചു നല്‍കാത്തപ്പോള്‍ ഞാന്‍ അവയുമായി കലഹിച്ചു. എന്റെ പ്രണയിനിക്കൊരു സ്ഥിര രൂപം നല്‍കാന്‍ വേണ്ടി  ഞാന്‍ അവള്‍ക്കു പുടവ ചാര്‍ത്തി  , നെറ്റിയില്‍  ചന്ദന കുറി തൊടുവിച്ചു  , മുടിയിഴയില്‍ തുളസികതിര്‍ ചൂടിച്ചു . അവളോടു ഒട്ടി നടക്കാനും ആ സ്നിഗ്ദ്ധത നുകരാനും ആവോളം ഞാന്‍ മോഹിച്ചു . കൂടല്‍മാ ണിക്യത്തിലെ പ്രദക്ഷിണ വഴിയിലെ  നനഞ്ഞ കരിങ്കല്‍ പാളികളില്‍ , തീര്‍ത്ഥ കുളത്തിന്റെ കരയില്‍ , കാര്യട്ടുകരയിലെ മുല്ലത്തറയില്‍ , പടിഞ്ഞാറെ തൊടിയില്‍ , കോന്തിപുലം പാടത്തെ വിളഞ്ഞ നെല്കതിരുകള്‍ക്കിടയില്‍ , എല്ലാം അവള്‍ എന്നോടൊപ്പം സഞ്ചരിച്ചു. മനസ്സില്‍ സങ്കല്‍പ്പങ്ങളും മോഹങ്ങളും ലഹരിയും കോരി നിറച്ചു കൊണ്ട്. പ്രണയ കൌമാരത്തില്‍ നിന്നും ജീവിത പ്രാരബ്ധങ്ങളിലെക്കുള്ള പ്രയാണത്തിനിടയില്‍ എപ്പോഴോ പ്രണയ രാഗങ്ങള്‍ക്ക് ശ്രുതി ഭംഗം നേരിട്ടുഎന്നത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാത്രം ഞാന്‍ കണക്കാക്കി .
ഇപ്പോഴിതാ ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം സാഗരങ്ങളും  മണല്‍ ആരണ്യങ്ങളും താണ്ടി ഇന്നിതാ അവള്‍ എന്നെ തേടി എത്തിയിരിക്കുന്നു . എന്റെ പ്രണയിനി .... നനഞ്ഞൊട്ടിയ അവളുടെ ലഹരി എന്റെ സിരകളിലേക്ക് വീണ്ടും പാഞ്ഞു കയറുന്നു. ആനന്ദാതിരെകതാല്‍ ഞാന്‍ തളരുന്നു .....കണ്ണുകള്‍ അടയുന്നു ... എല്ലാം മറന്നലിയുന്നു... ഇത് ഞങ്ങളുടെ മാത്രം ലോകം. ഇവിടെ ഞങ്ങള്‍ അല്‍പ നേരം പ്രണയിചോട്ടെ......

അവിഘ്നമസ്തു

അറിവിന്‍ വഴികാട്ടികള്‍ക്ക്‌ പ്രണാമം .
ആരംഭം കുറിക്കുന്നു
ഞാന്‍ , ഇരിങ്ങാലക്കുടയില്‍ നിന്നും ദുബായ് വഴി അബുദാബിയില്‍ എത്തി മനസ്സ് ഇരിങ്ങാലക്കുടയിലും ശരീരം അബുദാബിയിലും ഇന്‍വെസ്റ്റ്‌ ചെയ്ത് അടുത്ത നല്ല പ്ലാനും നോക്കി നടക്കുന്നു.
സാമാന്യം പോലെയുള്ള  എല്ലാത്തിലും ലേശം കമ്പമുണ്ട്. ചില പ്രത്യേക ഭക്ഷണങ്ങളോട് കുറച്ച് കൂടുതലും.

ഇവിടെ വല്യ തരക്കെടില്ലാന്നു തോന്നി. എന്നാല്‍ ഇതും ഒന്ന് പരീക്ഷിക്കാം എന്ന് കരുതി ഇറങ്ങിയതാണ്. അവസരം പോലെ വീണ്ടും കാണാം.
നമ്പീശന്‍